വയനാടെന്ന പേര് കൊണ്ട് ഉത്പാദന, വിപണന രംഗത്ത് മികച്ച സാധ്യതകളുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ എം.എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള സ്ഥലമാണ് വയനാട്. അത് പൂര്‍ണാര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. വയനാടിന്റെ പേരിന് നല്ല വിപണിമൂല്യമുണ്ട്. എന്നാല്‍ എത്ര പേര്‍ക്ക് ഈ മൂല്യം ഉപയോഗപ്പെടുത്താന്‍ കഴിയുന്നുണ്ടെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. നല്ല കാലാവസ്ഥയും കുറഞ്ഞ മലിനീകരണ നിരക്കും ഉപയോഗപ്പെടുത്തുന്ന വ്യവസായങ്ങള്‍ക്ക് ജില്ലയിലുള്ള മികച്ച സാധ്യതകള്‍ ഇപ്പോഴും ഉപയോഗപ്പെടുത്താതെ അവശേഷിക്കുന്നു. വയനാടെന്ന ബ്രാന്റ് ഉപയോഗപ്പെടുത്തി പൊതു വിപണിയില്‍ കാപ്പിയ്ക്കും മഞ്ഞളിനും വിജയമുണ്ടാക്കാന്‍ സാധിച്ചു. കാലത്തിനനുസരിച്ച് വ്യവസായ സംരംഭങ്ങളിലും മാര്‍ക്കറ്റിങ് മേഖലകളിലും മാറ്റം വരുത്താന്‍ സംരംഭകര്‍ തയ്യാറാവണം.
യുവതലമുറ മെച്ചപ്പെട്ട അവസരങ്ങള്‍ തേടി വിദേശത്തേക്ക് പോകുന്നതിലൂടെ മനുഷ്യവിഭവശേഷി മറ്റ് രാജ്യങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയില്‍ നിന്ന് മാറി, യുവതയെ നാടിന് തന്നെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സ്ഥിതിയുണ്ടാവും. ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ നിന്നും ആരംഭിച്ച് വിജയിക്കുന്ന ബിസിനസ് സംരംഭങ്ങള്‍ മികച്ച മാതൃകകളാണ്. ആവശ്യകത തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ നിക്ഷേപകര്‍ക്ക് സാധിക്കണം.
മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബി ഗോപകുമാര്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗം ബി മുഹമ്മദ് ബഷീര്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ടി. എം മുരളീധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.എസ് കലാവതി, ഉപജില്ലാ വ്യവസായ ഓഫീസര്‍ എന്‍ അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.