ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് അടുത്ത ഫീച്ചർ അപ്‌ഡേറ്റിന് ഒരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഫോട്ടോകൾ നേരിട്ട് വാട്‌സ്ആപ്പിലേക്ക് ഡിപിയായി ഇംപോർട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയുടെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ് അധികൃതര്‍. ആൻഡ്രോയ്‌ഡിനുള്ള വാട്സ്ആപ്പ് ബീറ്റയിൽ (പതിപ്പ് 2.25.21.23) പുതിയ ഫീച്ചർ പ്രത്യക്ഷപ്പെട്ടതായി WABetaInfo റിപ്പോർട്ട് ചെയ്യുന്നു. ചില ബീറ്റാ ടെസ്റ്റർമാർക്ക് ഈ അപ്‌ഡേറ്റ് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കൾക്കായി പുത്തന്‍ ഫീച്ചര്‍ പുറത്തിറക്കും എന്നാണ് വിവരം.
നിങ്ങളുടെ വാട്‌സ്ആപ്പ് പ്രൊഫൈൽ ഫോട്ടോ മാറ്റാൻ എഡിറ്റ് ഓപ്ഷനിലേക്ക് പോകുമ്പോൾ, ഇപ്പോൾ നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ഫോട്ടോകൾ ഇംപോർട്ട് ചെയ്യാനുള്ള ഓപ്ഷന്‍ വൈകാതെ എല്ലാവര്‍ക്കും ലഭിക്കും. ഇതുവരെ ഉപയോക്താക്കൾക്ക് ഗാലറിയിൽ നിന്ന് ഫോട്ടോകൾ തിരഞ്ഞെടുക്കാനോ, ക്യാമറയിൽ നിന്ന് ക്ലിക്ക് ചെയ്യാനോ, അവതാർ ചേർക്കാനോ അല്ലെങ്കിൽ എഐ ജനറേറ്റഡ് ഇമേജുകൾ ഉപയോഗിക്കാനോ മാത്രമേ കഴിയുമായിരുന്നുള്ളൂ. എന്നാൽ പുതിയ ഫീച്ചർ ഉപയോഗിച്ച് വാട്സ്ആപ്പില്‍ ഡിസ്പ്ലേ പിക്‌ചറായി ഇൻസ്റ്റഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം ഉപയോഗിക്കാനുള്ള ഓപ്ഷന്‍ ഉടനടി എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ലഭിക്കും.
ഈ ഫീച്ചർ ഉപയോഗിക്കുന്നതിന്, ആദ്യം മെറ്റ അക്കൗണ്ട്സ് സെന്‍ററിലെ നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഫേസ്ബുക്കുമായും ഇൻസ്റ്റഗ്രാം അക്കൗണ്ടുമായും ലിങ്ക് ചെയ്യണം. ഈ വർഷം ആദ്യം മെറ്റ അക്കൗണ്ട്സ് സെന്‍ററിലേക്ക് വാട്‌സ്ആപ്പും ചേർക്കാനുള്ള മെറ്റ ഓപ്ഷൻ നൽകിയിരുന്നു. ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും ഇടയിൽ മികച്ച സംയോജനം കൊണ്ടുവരുന്ന നിരവധി സവിശേഷതകൾ മെറ്റ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് നേരിട്ട് വാട്‌സ്ആപ്പിലേക്ക് പങ്കിടാം. കൂടാതെ ബിസിനസ് അക്കൗണ്ടുകൾക്ക് അവരുടെ ഇൻസ്റ്റ പ്രൊഫൈലിലേക്ക് ഒരു വാട്‌സ്ആപ്പ് ബട്ടൺ ചേർക്കാനും കഴിയും. അതുവഴി ഉപഭോക്താക്കൾക്ക് അവരെ നേരിട്ട് വാട്‌സ്ആപ്പില്‍ ബന്ധപ്പെടാൻ കഴിയും