വിദ്യാർത്ഥികളിൽ ശാസ്ത്രബോധം, അന്വേഷണാത്മക – വിമർശനാത്മക ചിന്ത വളർത്താൻ ആവിഷ്കരിച്ച മഴവില്ല് പദ്ധതിയ്ക്ക് പൂര്‍ണവിജയം. സംസ്ഥാന ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ ഡിസ്‌ക്) മുഖേനെ ജില്ലയിലെ നാല് മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലാണ് പദ്ധതി പുരോഗമിക്കുന്നത്. ശാസ്ത്ര വിഷയങ്ങൾ കുട്ടികളുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിഷയം മനഃപാഠമാക്കുന്നതിന് പകരം ചിന്താപ്രക്രിയയ്ക്ക് ഊന്നൽ നൽകി കളിച്ചും കൂട്ടുകൂടിയും വിശകലനം ചെയ്തും ശാസ്ത്ര പാഠങ്ങൾ പഠിക്കുകയാണ് മഴവില്ല് പദ്ധതിയിലൂടെ.
മൂന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളിൽ വിമർശനാത്മക ചിന്തയും അപഗ്രഥന ശേഷിയും മെച്ചപ്പെടുത്തുക, ശാസ്ത്രാവബോധം വളര്‍ത്തുകയാണ് പദ്ധതി ലക്ഷ്യം. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ ശാസ്ത്രപഠനം ശക്തിപ്പെടുത്താനും ശാസ്ത്ര പരിശീലന രീതി മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കുന്നുണ്ട്. പഠന ലക്ഷ്യങ്ങളും ആശയങ്ങളും അഞ്ച് പ്രത്യേക തീമുകളിലായി വിഭജിച്ച് ഉപതീമുകൾ കൂടി ഉൾക്കൊള്ളിച്ച് പഠനപ്രവർത്തനങ്ങൾ ഫലപ്രദമായി ആദ്യഘട്ടത്തിൽ പൂർത്തീകരിച്ചു.
മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ അധ്യാപകരെ തീമാറ്റിക് ഗ്രൂപ്പിലും ക്രോസ്സ് തീമാറ്റിക് ഗ്രൂപ്പിലും പങ്കാളികളാക്കിയാണ് മഴവില്ല് പദ്ധതിയുടെ പ്രവര്‍ത്തനം. ഇതോടൊപ്പം കുട്ടികളുടെ പഠനപ്രക്രിയയിൽ മേൽനോട്ടം വഹിക്കുന്ന മദര്‍ അനിമേറ്റർമാരുടെ പരിശീലനത്തിലും പാഠ്യപദ്ധതി മികവുറ്റതാക്കുന്നതിനുള്ള ചർച്ചകളിലും അധ്യാപകർ പങ്കാളികളാണ്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ റസിഡൻഷൽ നിലവിൽ സ്കൂളുകളിലും പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.
നേരിട്ടുള്ള അധ്യാപന രീതി ഒഴിവാക്കി പഠനത്തിന് പിന്തുണ നൽകുന്ന കമ്മ്യൂണിറ്റി സ്‌കഫോൾഡിങ് രീതിയിലൂടെയാണ് പ്രവര്‍ത്തനം. മറ്റ് ഗവേഷണ, അക്കാദമിക് സ്ഥാപനങ്ങളുമായി ചേർന്ന് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനപ്പെടുത്തി സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നു. പ്രവൃത്തി ചെയ്‌ത് പഠിക്കുക അല്ലെങ്കിൽ കുട്ടികൾ അറിവ് നിർമ്മിക്കുകയെന്ന ആശയത്തിൽ പുതിയ തിരിച്ചറിവുകളിലേക്കു നയിക്കുന്ന മാർഗ നിർദേശകരുടെ സ്ഥാനമാണ് ഇവിടെ അധ്യാപകർക്ക്.