ചെന്നൈ: വൈവിധ്യമായ വിവാഹങ്ങൾ സാധാരണയാണെങ്കിലും അത്യപൂർവമായ രീതിയിൽ 60 അടി താഴ്ചയിൽ വെള്ളത്തിൽ വെച്ച് വരൻ വധുവിന് താലി ചാർത്തി. ചെന്നൈയിലെ നീലന്‍കാരായി തീരത്തുവെച്ച് തമിഴ്നാട്ടുകാരായ വി ചിന്നദുരൈയും വധു എസ് ശ്വേതയും വിവാഹിതരായത് വെള്ളത്തിനടിയില്‍ 60 അടി താഴ്ചയിലായിരുന്നു.
കഴിഞ്ഞ ദിവസം നീലന്‍കാരായി തീരത്ത് കടലിനടിയില്‍ എല്ലാ ആചാരങ്ങളോടും കൂടി ചിന്നദുരൈ ശ്വേതയുടെ കഴുത്തില്‍ താലി കെട്ടി.
തങ്ങളുടേത് പാരമ്പര്യ വിധി പ്രകാരമുള്ള വിവാഹമായിരുന്നു പക്ഷേ നടന്നത് കടലിനടിയിലാണെന്ന് മാത്രമാണെന്നും, പുലര്‍ച്ചെ വിവാഹ ചടങ്ങുകളെല്ലാം വിധിപ്രകാരം ക്രമീകരിച്ച ശേഷം താലികെട്ടേണ്ട മുഹൂര്‍ത്ത സമയത്ത് കടലിലേക്ക് ചാടിയതെന്നും ചിന്നദുരൈ പറഞ്ഞു.
വരന്‍ ലൈസന്‍സോട് കൂടിയ സ്കൂബ ഡൈവര്‍ ആണെങ്കിലും വധു ഒരു മാസം മുമ്പ് മാത്രം പരിശീലനം നേടിയയാളാണ്. വിവാഹ ദിവസത്തിന് വേണ്ടി മാത്രമാണ് ശ്വേത പരിശീലനം നേടിയത്. മാതാപിതാക്കള്‍ കൂടി നിന്നതിനാല്‍ അല്‍പ്പം പരിഭ്രമം ഉണ്ടായിരുന്നതായി ശ്വേത പറയുന്നു. എന്നിരുന്നാലും മറ്റ് എട്ട് ഡൈവര്‍മാരും സുരക്ഷിതത്വത്തിനായി ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്നു.