രാജ്കോട്ട്: ഗുജറാത്തിൽ മരുമകളുടെ സഹോദരന്റെ കുത്തേറ്റ് 52കാരന് ദാരുണാന്ത്യം. ഒന്നരമാസം മുമ്പ് 52കാരെൻറ മകൻ പ്രതിയുടെ സഹോദരിയോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചിരുന്നു. ഇതിന്റെ
വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം നടന്നത്.
ഗുജറാത്തിലെ മോർബി ജില്ലയിൽ കഴിഞ്ഞ ദിവസംമാണ് സംഭവം. ഉപ്പ് നിർമാണ തൊഴിലാളിയായ ഭാരത് വഗേലയാണ് മരിച്ചത്. വഗേലയുടെ മകൻ ഹരേഷും ജിഗ്നാസ എന്ന യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു.
വിവാഹ അഭ്യർഥനയുമായി ഇരു കുടുംബങ്ങളെയും സമീപിച്ചിരുന്നെങ്കിലും സമ്മതം നൽകിയിരുന്നില്ല. തുടർന്ന് ഒന്നരമാസം മുമ്പ് ഹരേഷും ജിഗ്നാസയും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു.
തുടർന്ന് ഹരേഷിനോടും പിതാവ് വഗേലയോടും ജിഗ്നാസയുടെ സഹോദരൻ ദിനു മാഹല്യക്ക് വൈരാഗ്യം തോന്നുകയായിരുന്നു.കഴിഞ്ഞ ദിവസം വഗേലയും ഭാര്യ ഭാനുവും സമീപ ഗ്രാമത്തിൽ താമസിക്കുന്ന അമ്മയെ കണ്ടു മടങ്ങുന്നതിനിടെ ദിനു തടഞ്ഞുനിർത്തി കുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഗേലയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അക്രമത്തിൽ ദിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.