ഇൻസ്റ്റഗ്രാം കഴിഞ്ഞ വർഷം അവതരിപ്പിച്ച ഷോർട്ട് വിഡിയോ ക്ലിപ് സേവനമായ റീൽസിന് മികച്ച പ്രതികരണമാണ് ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞമാസം റീൽസിൽ പരസ്യങ്ങൾ കൊണ്ടു വരുമെന്ന് ഉടമസ്ഥരായ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ റീൽസിൽ വിഡിയോകൾ പോസ്റ്റ് ചെയ്യുന്നവർക്ക് പണം നൽകാൻ ഫേസ്ബുക്ക് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലെ ഫീച്ചറുകളെക്കുറിച്ച് പ്രവചനം നടത്തുന്ന അലസാൻഡ്രോ പാലോസിയാണ് ഇത്തരത്തിൽ ഒരു ഫീച്ചറിനെക്കുറിച്ച് സൂചന നൽകിയത്. പുതിയ ഫീച്ചറിന്റെ സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചാണ് പുതിയ ഫീച്ചറിന്റെ സാധ്യത പരിചയപ്പെടുത്തിയത്.
ഉടൻ തന്നെ മോണിറ്റൈസെഷൻ ലഭ്യമാക്കുമോ അതോ നിശ്ചിത ആളുകൾ കണ്ട ശേഷം മാത്രമാണോ ലഭിക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കൂടുതൽ പേരിലേക്ക് എത്തുന്ന വീഡിയോകൾക്കായിരിക്കും പണം ലഭിക്കുക എന്നും സൂചനയുണ്ട്.
ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ തോത് മനസ്സിലാക്കാനും, പുതിയ ബോണസുകൾ നേടാനും ഈ പുതിയ മാറ്റത്തിലൂടെ സാധിക്കും എന്നാണ് റിപ്പോർട്ട്. പുതിയ ഫീച്ചറിനെക്കുറിച്ച് ഇൻസ്റ്റാഗ്രാം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് സൂചന.