ബൽറാംപുർ : ഉത്തർപ്രദേശിലെ ബൽറാംപുരിൽ കോവിഡ് രോഗിയുടെ മൃതദേഹം നദിയിൽ വലിച്ചെറിയുന്നതിന്റെ വിഡിയോ പുറത്ത്.
പിപിഇ കിറ്റ് ധരിച്ച ഒരാൾ റാപ്‌തി നദിക്കു കുറുകെയുള്ള പാലത്തിൽ വണ്ടി നിർത്തിയ ശേഷം കോവിഡ് രോഗിയുടെ കവറിൽ പൊതിഞ്ഞ മൃതദേഹം പാലത്തിൽനിന്നും നദിയിലേക്ക് വലിച്ചെറിയുന്നതാണ് വിഡിയോ ദൃശ്യങ്ങളിൽ. ഒരാൾ ഇയാളെ സഹായിക്കാൻ ഒപ്പമുണ്ട്.
പാലത്തിലൂടെ കടന്നുപോയ മറ്റൊരു വാഹനത്തിലുള്ളവരാണ് വിഡിയോ പകർത്തി പുറത്തുവിട്ടത്.
സിദ്ധാർഥനഗർ സ്വദേശി പ്രേംനാഥിന്റെ മൃതദേഹമാണ് നദിയിൽ ഉപേക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തി. കോവിഡ് ബാധിച്ച പ്രേംനാഥിനെ മേയ് 25 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിന് ശേഷം മേയ് 28 ന് അദ്ദേഹം മരിച്ചു.
തുടർന്ന് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പ്രാഥമിക അന്വേഷണത്തിൽ ബന്ധുക്കളാണ് മൃതദേഹം എറിഞ്ഞതെന്ന് കണ്ടെത്തി. കേസ് റജിസ്റ്റർ ചെയ്തതായും ബന്ധുക്കൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ബൽറാംപുർ ചീഫ് മെഡിക്കൽ ഓഫിസർ വി.ബി.സിങ് പറഞ്ഞു.
മുൻപ് ഗംഗാ നദിയിലൂടെ കൂട്ടമായി മൃതദേഹങ്ങൾ ഒഴുകി വന്നത് രാജ്യത്ത് വലിയ ചർച്ചയായിരുന്നു.