മഹാരാഷ്ട്ര: ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ വെച്ച് ഒരു യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ‘ആശുപത്രിയിലെ ഓക്സിജന്‍ സിലിണ്ടര്‍ ലൈന്‍ ഓഫ് ചെയ്ത ആംബുലന്‍സ് ഡ്രൈവറെ പൊലീസ് കൈയ്യോടെ പിടികൂടിയപ്പോള്‍’ എന്ന രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
എന്നാല്‍, എന്താണ് ഈ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇത് തന്നെയാണോ..? പരിശോധിക്കാം…
ഇത് പ്രചരിക്കുന്നത് പോലെ തെലങ്കാനയിലെ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ഓഫ് ചെയ്തതിന് ആംബുലൻസ് ഡ്രൈവറെ പോലീസ് മർദിക്കുന്ന വീഡിയോ അല്ല, മഹാരാഷ്ട്രയിലെ ജല്‍ന ദീപക് ആശുപത്രിയില്‍ ഏപ്രില്‍ 9നു സംഭവിച്ചതിന്റെ വീഡിയോ ആണ് ഇപ്പോള്‍ ഈ ക്യാപ്‌ഷനിൽ വൈറലാകുന്നത്.
പ്രദേശത്തെ ബിജെപി യുവജന സെക്രട്ടറി ശിവരാജ് നരിയാല്‍വാലെയെ ആണ് പൊലീസ് കൂട്ടമായി മര്‍ദ്ദിക്കുന്നത്.
ആശുപത്രിയില്‍ സംഭവിച്ച ഒരു മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് പൊലീസ് യുവാവിനെ ആക്രമിച്ചത്. പൊലീസിന്റെ ഗുണ്ടാവിളയാട്ടം ഫോണില്‍ റെക്കോര്‍ഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു യുവാവിനു നേരെയുള്ള മര്‍ദ്ദനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു ശിവരാജ്. ഇതേസമയം, റോഡില്‍ അപകടത്തില്‍പ്പെട്ട യുവാവിനെയും കൊണ്ട് ചിലര്‍ ആശുപത്രിയിലെത്തി. യുവാവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി. എന്നാല്‍, ചികിത്സയ്ക്കിടെ യുവാവ് മരണപ്പെട്ടു. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാരോപിച്ച് ബന്ധുക്കള്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മേല്‍ തട്ടിക്കയറി. യുവാവിന്റെ മരണം ഉള്‍ക്കൊള്ളാനാകാതെ ഇവര്‍ ആശുപത്രി ജീവനക്കാരുമായി തര്‍ക്കിച്ചു. ഇതേത്തുടര്‍ന്നുണ്ടായ പിടിവലികള്‍ക്കിടയില്‍ ആശുപത്രിയിലെ ചില ചില്ലുകള്‍ തകര്‍ന്നു വീണു.
താമസിയാതെ ആശുപത്രി ജീവനക്കാര്‍ പോലീസിനെ വിളിച്ചു. പോലീസിനെത്തി എല്ലാവരേയും ചോദ്യം ചെയ്തു. മരണപ്പെട്ട യുവാവിന്റെ ബന്ധുക്കളെയും അവര്‍ക്കുവേണ്ടി വാദിച്ചവരേയും ജാതി പറഞ്ഞ് പൊലീസ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നും ശിവരാജ് വ്യക്തമാക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു ജില്ലാ പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്.