മംഗളൂരു: അതിനൂതനവും വ്യത്യസ്തവുമായ മാർഗ്ഗങ്ങളിലൂടെ മംഗളൂരു വിമാനത്താവളം വഴി കടത്തിയ 1.08 കോടി രൂപയുടെ സ്വർണം പിടികൂടിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. ഫെബ്രുവരി മാസം 16മുതൽ 28 വരെയുള്ള കാലയളവിലാണ് ഇത്രയും സ്വർണം പിടികൂടിയത്.
കടത്തുന്നതിനായി സ്വീകരിച്ച വിവിധ കടത്ത് രീതികളുടെ പടങ്ങൾ സഹിതമാണ് കസ്റ്റംസ് അധികൃതർ വാർത്താ കുറിപ്പ് പുറത്തിറക്കിയത്. വസ്ത്രങ്ങൾ, പല്ലിെൻറ പോടുകൾ, പാദങ്ങൾ,ശരീര രഹസ്യ ഭാഗങ്ങൾ തുടങ്ങിയ പുരുഷ, സ്ത്രീ യാത്രക്കാർ സ്വർണക്കടത്തിന് ഉപയോഗിച്ചു. ഒരു സ്ത്രീയിൽ നിന്നും ആറ് പുരുഷന്മാരിൽ നിന്നുമാണിത്രയും സ്വർണം പിടിച്ചെടുത്തത്.21 മാസം പ്രായമുള്ള മകളുടെ ഡയപ്പറിനുള്ളിൽ സ്വർണം സൂക്ഷിച്ച പുരുഷ യാത്രക്കാരനുൾപ്പെടെ ഇതിൽപ്പെടും. പുതിയ സാഹചര്യത്തിൽ പരിശോധന രീതികൾ കർശനമാക്കാനാണ് കസ്റ്റംസ് നീക്കം.