ലക്കിടി: പത്താം ക്ലാസില്‍ മികച്ച മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണിന് സീറ്റ് ലഭിക്കാത്ത വിധം മലബാറിനെ ഇടതുസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ലക്കിടിയില്‍ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എസ്.എസ്. എല്‍.സി പാസായ പതിനായിരക്കണക്കിന് കുട്ടികള്‍ പുറത്താണ്. ഇതിനൊരു പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ബ്രിട്ടീഷുകാര്‍ മുന്‍പ് മലബാറിനെ അവഗണിച്ച അതേ സമീപനമാണ് നിലവിലെ സര്‍ക്കാരും കാണിക്കുന്നത്. ഏകജാലക പ്രവേശനത്തില്‍ അശാസ്ത്രീയ രീതി തുടരുകയാണ് സംസ്ഥാന സര്‍ക്കാര്‍. യു.ഡി.എഫ് ഭരണത്തിലില്ലാത്തതിന്റെ ദുരിതമനുഭവിക്കുകയാണ് മലബാറിലെ കുട്ടികള്‍. പഠിക്കാന്‍ സാഹചര്യമില്ലാതെ കുട്ടികള്‍ ആശങ്കയിലായിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. എ പ്ലസ് നേടിയവര്‍ക്ക് പോലും സീറ്റുറപ്പിക്കാനാവുന്നില്ല. സര്‍ക്കാരിന്റെ മലബാറിനോടുള്ള അവഗണനക്കെതിരെ ഈ മാസം 8ന് സംസ്ഥാനത്തെ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ മുസ്‌ലിം ലീഗ് ധര്‍ണ നടത്തും. യു.ഡി.എഫ് ഭരണത്തിലുള്ളപ്പോഴെല്ലാം മലബാറിലെ എല്ലാ വിഷയങ്ങള്‍ക്കും സംസ്ഥാനത്തിന്റെ മറ്റു മേഖലകള്‍ക്കൊപ്പം പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് അവഗണന തുടരുകയാണ്. ഇത് അംഗീകരിക്കാനാവില്ല. അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളായ എം.സി മായിന്‍ ഹാജി, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഒഡിഷ ട്രെയിന്‍ ദുരന്തം
റെയില്‍വേ മന്ത്രി രാജിവെക്കണം: പി.കെ കുഞ്ഞാലിക്കുട്ടി
ലക്കിടി: ലോകത്തെയാകെ കണ്ണീരണിയിച്ച ഒഡിഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ലക്കിടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഗ്നല്‍ തെറ്റിയതാണ് അപകടത്തിന് കാരണമെന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇക്കാര്യത്തില്‍ പഴുതടച്ച അന്വേഷണം നടത്തണം. ഉത്തരവാദിത്വമേറ്റെടുത്ത് റെയില്‍വേ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്്‌ലിം ലീഗ് നേതാക്കളായ എം.സി മായിന്‍ ഹാജി, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.