പടിഞ്ഞാറത്തറ: പൂഴിത്തോട് -പടിഞ്ഞാറത്തറ ചുരമില്ലാ പാതയുടെ സർവ്വേ നടപടികൾ ഇഴഞ്ഞുനീങ്ങുന്നത് പ്രതിഷേധാർഹമെന്ന് ജനകീയ കർമ്മ സമിതി. കഴിഞ്ഞ 30 വർഷമായി മരവിച്ചു കിടന്ന ഈ പാതയുടെ സ്വപ്നങ്ങൾക്ക് ജനകീയ കർമ്മ സമിതിയുടെ ഇടപ്പെടലുകളാണ് ചിറകു മുളപ്പിച്ചത്. വയനാട് ജില്ലയിലെ വനഭാഗത്ത് GPS സർവ്വേക്ക് അനുമതി ലഭിച്ചിരുന്നുവെങ്കിലും സിഗ്നൽ ലഭിക്കുന്നില്ലയെന്ന കാരണത്താൽ പൂർത്തിയാക്കിയിട്ടില്ല. കോഴിക്കോട് ജില്ലയിൽ അനുമതിക്കായി പൊതുമരാമത്ത് വിഭാഗം വനം വകുപ്പിന്റെ പരിവേഷ് പോർട്ടലിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് പറയുന്നു. തുടർ നടപടികൾ വ്യക്തമാക്കാൻ വകുപ്പധികൃതർ തയ്യാറാവണം. ഇരു ജില്ലകളിലേയും ജനപ്രതിനിധികളുടെ ഭാഗത്തു നിന്നു ശക്തമായ ഇടപ്പെടൽ ഈ പാതയ്ക്കു വേണ്ടി ഉണ്ടാവുന്നില്ല. കൽപ്പറ്റ MLA ടി.സിദ്ദിഖ് മുൻകൈയ്യെടുത്ത് പാത തുടങ്ങുന്നിടത്ത് തടസ്സമായി നിന്നിരുന്ന ജലസേചന വകുപ്പിന്റെ മതിൽ പൊളിച്ചു നീക്കാൻ തീരുമാനിച്ചത് അഭിനന്ദനാർഹമാണ്. വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക് ഏറുമ്പോഴും ജില്ലയിലെ നേതൃത്വങ്ങൾ മൗനത്തിലാണ്. രാത്രി യാത്ര നിരോധനം മറിക്കടക്കുവാനും , കേരള -കർണ്ണാടക കണക്ടിവിറ്റിയുടെ സാധ്യതകളും പ്രിയങ്ക ഗാന്ധി എം.പിയെ ജില്ലയിലെ നേതൃത്വങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് തോന്നുന്നില്ല. പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ സാധ്യതകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കുവാൻ എം.പി ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഇനിയും നിസ്സഹരണം തുടർന്നാൽ സമരം ശക്തമാക്കും. കൂടിയാലോചനകൾക്കായി പിന്തുണച്ച പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങളെ വരും ദിവസങ്ങളിൽ വിളിച്ചു ചേർക്കും. സാജൻ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. ഹംസ കുളങ്ങരത്ത്, പ്രകാശൻ വി.കെ, നാസർ കൈപ്രവൻ, കമൽ ജോസഫ്,ആലിക്കുട്ടി സി.കെ, തങ്കച്ചൻ നടയ്ക്കൽ, അബ്ദുൾ അസീസ്, പ്രസംഗിച്ചു. ബെന്നി വർക്കി സ്വാഗതവും, അഷ്റഫ് കുറ്റിയിൽ നന്ദിയും പറഞ്ഞു.

സീറ്റൊഴിവ്
വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,