കാവുംമന്ദം: ഭവന നിർമ്മാണത്തിനും കാർഷിക മേഖലക്കും കായിക വികസനത്തിനും ഊന്നൽ നൽകി 18,10,42,392 രൂപ വരവും 17,84,61,690 രൂപ ചിലവും 25,80,702 രൂപ നീക്കിയിരിപ്പും വരുന്ന തരിയോട് ഗ്രാമപഞ്ചായത്തിൻ്റെ 2025 – 26 വാർഷിക ബജറ്റ് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അവതരിപ്പിച്ചു. പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.
മാലിന്യ സംസ്കരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, ദാരിദ്ര ലഘൂകരണം, വിദ്യാഭ്യാസ – സാംസ്കാരിക മേഖല, പെയിൻ & പാലിയേറ്റീവ് ഉൾപ്പെടെ ആരോഗ്യ മേഖലയ്ക്കും മുന്തിയ പരിഗണന ബജറ്റ് നൽകുന്നുണ്ട്. ജനപക്ഷ ടൂറിസം വികസനം, റോഡുകൾ ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യ വികസനം, ടൗൺ നവീകരണം, സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, ഭിന്നശേഷി കുട്ടികൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ക്ഷേമത്തിനും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. സമഗ്ര കുടിവെള്ള പദ്ധതികൾ, തെരുവ് വിളക്കുകൾ സ്ഥാപിക്കലും നിലവിലുള്ളവയുടെ തകരാർ പരിഹരിക്കലും, വെള്ളപ്പൊക്ക ദുരിതാശ്വാസ കേന്ദ്രങ്ങൾ അടക്കമുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾ എന്നിവയും പ്രത്യേകമായി പരിഗണിച്ചിട്ടുണ്ട്. കുടിവെള്ള ലഭ്യതയ്ക്കും കാർഷിക വൃത്തിക്കും ഉപകാരപ്പെടുന്ന രീതിയിൽ ജലസംരക്ഷണ പ്രവർത്തനങ്ങളും ബജറ്റിന്റെ ഭാഗമായിട്ടുണ്ട്.
സ്ഥിരം സമിതി അധ്യക്ഷരായ രാധ പുലിക്കോട്, വിജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, കെ എൻ ഗോപിനാഥൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി സുരേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബഷീർ പുള്ളാട്ട്, അസിസ്റ്റൻറ് സെക്രട്ടറി കെ ആർ സോമൻ, അക്കൗണ്ടൻറ് കെ ഹംസ, നിർവഹണ ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.