കണ്ണൂർ: ജയിൽ ചാട്ടത്തിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു ഗോവിന്ദച്ചാമിയുടെ പദ്ധതിയെന്ന് റിമാൻഡ് റിപ്പോർട്ട്. ജയിലിൽ നിന്ന് പുറത്തെത്തി റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ വഴി തെറ്റിയതിനാൽ റെയിൽവെ സ്റ്റേഷനിലേയ്ക്ക് എത്താനായില്ലെന്നും റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സഹതടവുകാരനോട് ജയിൽ ചാട്ടത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ജയിൽ ചാട്ടത്തിന് 6 മാസം മാത്രമേ ശിക്ഷയുള്ളൂ എന്ന് സഹതടവുകാരൻ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ സൂചനയുണ്ട്.
ഇതിനിടെ ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് അതീവ സുരക്ഷയുള്ള വിയ്യൂർ ജയിലിലേയ്ക്ക് ഇന്ന് മാറ്റിയിരുന്നു. രാവിലെയാണ് കണ്ണൂരിൽ നിന്ന് ഗോവിന്ദച്ചാമിയെ വിയ്യൂരിലേയ്ക്ക് കൊണ്ടുപോയത്. വിയ്യൂരിലെ അതീവ സുരക്ഷ ജയിലിൽ നിലവിൽ 300 തടവുകാരാണ് ഉള്ളത്. ഇവിടെ 535 തടവുകാരെ പാർപ്പിക്കാം. ജയിലിലുള്ളത് 40 ജീവനക്കാർ മാത്രമാണ്. നിലവിൽ റിപ്പർ ജയാനന്ദൻ, പാലക്കാട് ചെന്താമര തുടങ്ങി കൊടും ക്രിമിനലുകൾ അതീവ സുരക്ഷാ ജയിലിൽ ഉണ്ട്.