കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകളിലെ സിനിമാ പ്രദർശനം ഇനിയും വൈകിയേക്കുമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നെങ്കിലും അമ്പത് ശതമാനം കാണികളെ ഇരുത്തി സിനിമ പ്രദർശിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് തിയറ്റർ ഉടമകൾ അഭിപ്രായപ്പെടുന്നു.
നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമായി ചർച്ച ചെയ്തശേഷമേ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കുക എന്ന് ചലച്ചിത്ര പ്രവർത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു. മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ അറ്റകുറ്റപ്പണികൾക്ക് വലിയ തുക മുടക്കേണ്ടിവരും.
കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കുടുംബവുമായി തിയേറ്ററുകളിൽ എത്തുന്നവർ കുറവായിരിക്കുമെന്നാണ് കരുതുന്നത്. തിയറ്ററുകൾ തുറന്ന ഉടൻ തന്നെ സിനിമകൾ റിലീസ് ചെയ്യാൻ നിർമാതാക്കൾ തയാറാകുമോ എന്നും സംശയമുണ്ട്. എന്നാൽ നഗരങ്ങളിലും പട്ടണങ്ങളിലുമുളള മാളുകളിലെ മൾട്ടി പ്രക്സുകൾ ഈ സംഘടനയിൽ അംഗമല്ല. ഇത്തരം തിയേറ്ററുകളിൽ ചൊവ്വാഴ്ച മുതൽ പ്രദർശനം തുടങ്ങാൻ സാധ്യതയുണ്ട്.








