ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. അതിജീവിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോ പ്ലാൻ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധികമായി അനുവദിച്ച ധന സഹായത്തിന്റെ വിതരണോദ്ഘാടനം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്ത ബാധിതരുടെ പുനരധിവാസ ഗുണഭോക്തൃ പട്ടിക സമയ ബന്ധിതമായി പൂർത്തീകരിക്കും. ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങൾ സംഭവിച്ച വ്യാപാരികൾ, കെട്ടിട ഉടമകൾ എന്നിവർക്കുള്ള നഷ്ടപരിഹാരം നൽകൽ, വായ്പ ഏറ്റെടുക്കുന്നതിനും ഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ദുരന്ത ബാധിതർക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള എല്ലാ പിന്തുണയും സർക്കാറും ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകി വരികയാണ്. ഉപ ജീവനത്തിനായുള്ളമൈക്രോ പ്ലാനുകൾ നടപ്പിലാക്കുന്നതിന് ആദ്യഘട്ടത്തിൽ 1.98 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടമായി 2.31 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു. ഇതിനുശേഷമാണ് മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിൽ കൂടിയാലോചിച്ച് ഉപജീവന മാർഗമായി രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചത്. ഇതിനായി 5.11 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചത്. ജില്ലയിലെ കാലാവസ്ഥാ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകുന്നതിന് ഡോപ്ളർ റഡാർ ഡിസംബറോടെ പ്രവർത്തന സജ്ജമാവും. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അവബോധമുള്ള ഒരു സമൂഹത്തെ ജില്ലയിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും ഇതിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.ജില്ലയിൽ കാലാവസ്ഥാ മാറ്റങ്ങളാലുണ്ടാകുന്ന ദുരന്തങ്ങൾ ഫലപ്രദമായി തടയാനുള്ള മാസ്റ്റർ പ്ലാനുമായി ജില്ലാഭരണകൂടം മുന്നോട്ട് പോവുകയാണെന്ന് പരിപാടിയിൽ അധ്യക്ഷനായ എം.എൽ.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ കെ.കെ.എൻ കുറുപ്പ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ജാസർ പാലക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി ശിഹാബ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ, എ.ഡി.എം.സി കെ.എം സലീന, ജില്ലാ പ്രോഗ്രാം മാനേജർ പി ഹുദൈഫ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കുടുംബശ്രീ ജില്ലാതല ഓണം വിപണനമേളയ്ക്ക് തുടക്കം
ഓണവിപണി കീഴടക്കാൻ കുടുംബശ്രീയുടെ ഉൽപന്നങ്ങളുമായി ജില്ലാതല ഓണം വിപണന മേളയ്ക്ക് തുടക്കമായി. മാനന്തവാടി മൈസൂർ റൂട്ടിൽ ആരംഭിച്ച വിപണനമേള എം എൽ എ ഉഷ വിജയൻ ഉദ്ഘാടനംചെയ്തു. നാടൻ രുചിയും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയിൽ ജനങ്ങളിലെത്തിച്ച് ഓണം വിപുലമാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ കുടുംബശ്രീ മിഷൻ. വ്യവസായ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കൈത്തറി ഉത്പന്നങ്ങൾക്ക് പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. നാടൻ പച്ചക്കറികൾ, വൈവിധ്യമാർന്ന അച്ചാറുകൾ, ശർക്കര, ചിപ്സ്, ഓണപ്പൂക്കൾ, കറി പൗഡറുകൾ,തുണിത്തരങ്ങൾ എന്നിവ മേളയിൽ ലഭ്യമാണ്. കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ഓണത്തിന് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ഓണക്കിറ്റുകളും കുടുംബശ്രീ വിപണിയിൽ എത്തിക്കുന്നുണ്ട്. 750 രൂപ വരെയുള്ള കിറ്റുകൾ സിഡിഎസുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. ജില്ലാതല മേളയ്ക്ക് പുറമെ, ജില്ലയിലെ എല്ലാ സിഡിഎസുകളിലും രണ്ട് ഓണം വിപണന മേളകൾ വീതം നടക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലുള്ളവർക്ക് തൊട്ടടുത്തുള്ള മേളകളിൽനിന്ന് ഓണവിപണി പ്രയോജനപ്പെടുത്താം. മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, സിഡിഎസ് ചെയർപേഴ്സൺമാരായ പാത്തുമ്മ ടീച്ചർ, സി.ശരണ്യ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പീച്ചങ്കോട്-നെല്ലേരിക്കുന്ന്, അകമനച്ചാൽ, പുലിക്കാട്, അടിവാരം ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 22) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പീച്ചങ്കോട്-നെല്ലേരിക്കുന്ന്, അകമനച്ചാൽ, പുലിക്കാട്, അടിവാരം ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 22) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
ഓണകിറ്റുകൾ നൽകി
മാനന്തവാടി: സ്വന്തം വീടുകളിൽ നിന്ന് ശേഖരിച്ച പച്ചക്കറികളും ധാന്യങ്ങളുമായി മാനന്തവാടി ജിവിഎച്എസ് വിഎച്ച്എസ് സി ഒന്നാം വർഷ എൻ.എസ്.എസ് വിദ്യാർത്ഥികൾ കൂവളമൊട്ടം കുന്ന് ഊരിലെത്തി ഓണ കിറ്റ് വിതരണം നടത്തി.. എൻ എസ് എസ് മാനസ ഗ്രാമമായി തിരഞ്ഞെടുത്ത ഊരിൽ ഓണ സ്മിതം പരിപാടിയുടെ ഭാഗമായിരുന്നു കിറ്റ് വിതരണം.ഡിവിഷൻ കൗൺസിലർ എം പി ശശികുമാർ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു, പ്രോഗ്രാം ഓഫീസർ റംല കാവുങ്ങൽ, സ്റ്റാഫ് സെക്രട്ടറി വി മുജീബ്, അധ്യാപകരായ പി എ അനസ്, എം എസ് ബീന, എം കെ അർച്ചന ഊര് മൂപ്പൻ സി ജനാർദ്ദനൻ എന്നിവർ എന്നിവർ സംബന്ധിച്ചു,
ഓണാവധിയിലും ഊർജ്ജസ്വലരായി കുട്ടിപ്പൊലീസ്
പനമരം: വിദ്യാർഥികളിൽ അച്ചടക്കവും നേതൃത്വപാടവവും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ ഓണക്കാല സഹവാസ ക്യാമ്പിന് ആവേശകരമായ തുടക്കമായി.പി.ടി.എ. പ്രസിഡന്റ് സുബൈർ കെ.ടി.യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് അംഗം ബീന സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം റുക്കിയ സലാം, വാർഡ് അംഗങ്ങളായ ഷാജഹാൻ കോവ, അജിഷ എൻ. തുടങ്ങിയവർ പങ്കെടുത്തു.പ്രിൻസിപ്പൽ രമേഷ് കുമാർ, ഷിബു എം.സി. DI ജിഷ്‌ണു രാജ്എന്നിവരും മറ്റ് അധ്യാപകരും ചടങ്ങിൽ ആശംസകൾ നേർന്നു. CPO രജിത കെ ആർ ചടങ്ങിൽ നന്ദി അർപ്പിച്ചു കേഡറ്റുകൾ അണിനിരക്കുന്ന ക്യാമ്പിൽ വരും ദിവസങ്ങളിൽ വൈവിധ്യമാർന്ന കായിക-വ്യക്തിത്വ വികസന പരിശീലനങ്ങളും പഠനക്ലാസുകളും നടക്കും.
കോട്ടവയൽ ഓണോത്സവം ആഗസ്റ്റ് 22, 23 തീയതികളിൽ
കോട്ടവയൽ അനശ്വര ക്ലബ്ബും ജനകീയ കൂട്ടായ്മയും ചേർന്ന് നടത്തുന്ന ഓണാഘോഷം (ഓണോത്സവം 2026) ആഗസ്റ്റ് 22,23 ശനി ഞായർ തിയതികളിൽ കോട്ടവയലിൽ നടക്കും. 22 ന് വൈകുന്നേരം ആറ് മണിക്ക് കുട്ടികളുടെ കലാപരിപാടികൾ തുടർന്ന് മെഹന്തി മത്സരം മഹാതിരുവാതിര മുതലായ പരിപാടികൾ നടത്തുo ഞായറാഴ്ച രാവിലെ 8.30 പൂക്കള മത്സരത്തോടെ വിവിധ മത്സരങ്ങക്ക് തുടക്കമാകും. ശേഷം വയോജനങ്ങൾക്ക് ഓണക്കോടി നൽകൽ, വിഭവ സമൃദ്ധമായ ഓണസദ്യ , ശേഷം വിവിധ മത്സരങ്ങൾ, പ്രദേശിക വടംവലി, സമാപന സമ്മേളനം,സമ്മാന വിതരണം തുടർന്ന് ആകശവിസ്മയത്തോടെ ഓണാഘോഷം സമാപിക്കും.
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; ഓണക്കാലത്ത് നാട്ടിലേക്ക് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ കൂടി
ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ബെംഗളൂരു കൻ്റോൺമെൻ്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂർ എന്നീ സ്റ്റേഷനുകളിൽനിന്ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചുമാണ് പുതിയ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. മൂന്നു ട്രെയിനുകളും കോട്ടയം വഴിയാണ് സർവീസ് നടത്തുക. ട്രെയിനുകളുടെ സമയക്രമവും മറ്റ് വിവരങ്ങളും ചുവടെ.1. ബെംഗളൂരു കൻ്റോൺമെൻ്റ് - തിരുവനന്തപുരം നോർത്ത് (06579/06580)ബെംഗളൂരു കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 28ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിൻ 29ന് രാവിലെ 10:30ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 29ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോർത്തിൽനിന്ന് മടങ്ങുന്ന ട്രെയിൻ 30ന് പുലർച്ചെ 5:15ന് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തിച്ചേരും. കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. റിസർവേഷൻ 21ന് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു.2. എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് (06575/06576)എസ്എംവിടി ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 22ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിൻ 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 23ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോർത്തിൽനിന്ന് മടങ്ങുന്ന ട്രെയിൻ 24ന് പുലർച്ചെ 5:15ന് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തിച്ചേരും. ബെംഗളൂരു കൻ്റോൺമെൻ്റ്, കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. റിസർവേഷൻ 21ന് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു.3. യശ്വന്ത്പൂർ - തിരുവനന്തപുരം നോർത്ത് ( 06573/06574)യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 21ന് രാത്രി 8:45ന് പുറപ്പെടുന്ന ട്രെയിൻ 22ന് ഉച്ചയ്ക്ക് 1:30ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 22ന് ഉച്ചകഴിഞ്ഞ് 3:15ന് തിരുവനന്തപുരം നോർത്തിൽനിന്ന് മടങ്ങുന്ന ട്രെയിൻ 23ന് രാവിലെ 9:45ന് യശ്വന്ത്പൂരിൽ എത്തിച്ചേരും. ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.
ശ്രേയസ് ഏരിയ മീറ്റിംഗ് സംഘടിപ്പിച്ചു.
ചുള്ളിയോട് :ചുള്ളിയോട് യൂണിറ്റിലെ സ്രോതസ്,മിന്നാരം,ഹരിതകം സ്വാശ്രയ സംഘങ്ങളുടെ ഏരിയ മീറ്റിംഗ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സ്രോതസ് സംഘത്തിന്റെ പ്രസിഡന്റ് അമ്മിണി ബേബി അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി,റീജ വിൻസന്റ്,പ്രസന്ന രാജൻ, ലീല പൈലി,ഷൈനി സജി,ഉഷ ഷാജു,ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
ഹരിത കർമസേനാംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു.
പിണങ്ങോട് : വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഹരിത കർമസേന അംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ നിർവഹിച്ചു.മാലിന്യസംസ്‌കരണ രംഗത്ത് ഹരിത കർമസേനാംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച പ്രസിഡന്റ്, പഞ്ചായത്തിന്റെ ശുചിത്വ പ്രവർത്തനങ്ങൾക്ക് ഹരിത കർമസേനയുടെ സേവനം നിർണായകമാണെന്ന് പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. എ. രാമൻ, പഞ്ചായത്ത് സെക്രട്ടറി സജീഷ് രാജ്, അസിസ്റ്റന്റ് സെക്രട്ടറി നജീബ് വി. എ., വി. ഇ. ഒമാരായ സുഭാഷ്, ജസ്‌മൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
അമ്പോ …തീ വില; ആഭരണപ്രേമികൾക്ക് വീണ്ടും ഷോക്ക്, കത്തിക്കയറി സ്വർണം
സംസ്ഥാനത്ത് സ്വർണ വിലയിലെ കുതിപ്പ് തുടരുകയാണ്. ഇന്ന് പവന് 880 രൂപയുടെ മുന്നേറ്റത്തോടെ 1,17,680 രൂപയിലും ഒരു ഗ്രാമിന് 110 രൂപയുടെ വർധനയോടെ 14,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ 3,000 രൂപയിലധികം വർധന ഒറ്റയടിക്ക് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഇതോടെ ഈ മാസത്തെ റെക്കോർഡ് നിലവാരത്തിൽ എത്തിയിരിക്കുകയാണ് സ്വർണ വില.ഇന്നത്തെ സ്വർണവില പ്രകാരം 8 ഗ്രാം (ഒരു പവൻ) വില 1,17,680 ആണെന്നിരിക്കെ, ഇതിന് പുറമെ പണിക്കൂലിയും ജിഎസ്ടിയും നൽകേണ്ടതിനാൽ ആഭരണം വാങ്ങാൻ കൂടുതൽ തുക ചെലവാകും. പണിക്കൂലി ഏകദേശം 10 ശതമാനമെന്ന് കണക്കാക്കിയാൽ, 3 ശതമാനം ജിഎസ്ടിയും പണിക്കൂലിക്കുള്ള നികുതിയും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1.33 ലക്ഷം വരെ ചെലവാകാം.ഡോളര്‍ ദുര്‍ബലമായതും സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷകളും സ്വര്‍ണത്തിന് കരുത്തേകിയിട്ടുണ്ട്.രാജ്യാന്തര വിപണിയിൽ ഔൺസിന് നിലവിൽ 4,500 ഡോളർ മറികടന്നാണ് സ്വർണം കുതിക്കുന്നത്. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും ബോണ്ട് ആദായത്തിലെ കുറവുമാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്. ഇതോടെ സ്വർണത്തിന്റെ ഡിമാൻഡ് ഉയരുകയും ചെയ്തു. യുഎസ് ഫെഡിന്റെ പണപ്പെരുപ്പ ആശങ്കകളും പശ്ചിമേഷ്യയിലെ സംഘർഷവും സ്വർണ വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഇനി ഉടായിപ്പ് നടക്കില്ല; വാഹനാപകടങ്ങൾ മുൻകൂട്ടി 'അറിഞ്ഞ്' പ്രതിരോധിക്കൻ എ.ഐ ട്രാക്കുമായി കേരള പൊലീസ്
തിരുവനന്തപുരം: ഇനി വാഹനാപകടങ്ങൾ മുൻകൂട്ടി അറിഞ്ഞ് കേരള പൊലീസ് പ്രതിരോധിക്കും. പുറമെ, സ്ഥിരം ഗതാഗത നിയമലംഘകരും വാഹനാഭ്യാസികളും കുടുങ്ങുകയും ചെയ്യും. പൊലീസ് പുതുതായി നടപ്പാക്കുന്ന എ.ഐ -ട്രാക്ക് സംവിധാനമാണ് വിദേശരാജ്യങ്ങൾക്ക് സമാനമായ രീതിയിലുള്ള ഗതാഗതക്രമീകരണങ്ങൾക്ക് വഴിയൊരുക്കുന്നത്. നാലുവർഷത്തെ അപകട ഡേറ്റകളും ട്രാഫിക് സംവിധാനത്തിൽ ലഭ്യമായ രണ്ട് കോടിയോളം ഡേറ്റകളും അടിസ്ഥാനപ്പെടുത്തിയാണ് ഈ സംവിധാനം വികസിപ്പിച്ചത്. അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളും സമയപരിധികളും തിരിച്ചറിഞ്ഞ് അവിടങ്ങളിൽ നടപ്പാക്കേണ്ട എൻഫോഴ്സസ്മെന്റ് നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകുകയാണ് ലക്ഷ്യം വക്കുന്നത്. വിവരശേഖരണം, വിശകലനം, അപകട പ്രവചനം, എൻഫോഴ്സസ്മെന്റ് നിർദേശം, പ്രതിരോധനടപടി എന്ന രീതിയിലാണ് പ്രവർത്തിക്കുക. ഇ-ചെല്ലാൻ സംവിധാനത്തിലൂടെ ലഭ്യമായ ട്രാഫിക് വിവരങ്ങൾ, റാപിഡ് സംവിധാനത്തിൽ ലഭ്യമായ അപകട വിവരങ്ങൾ എന്നിവയാണ് എ.ഐ. ട്രാക്ക് വിശകലനം ചെയ്യുന്നത്. ലഭ്യമായ എൻഫോഴ്സസ്മെന്റ്, അപകട വിവരങ്ങൾ എന്നിവ നിർമിത ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്ത‌് അപകട പ്രവചനവും അപകട സാധ്യതാ മാപ്പിങ്ങും തയാറാക്കുന്നതാണ് പ്രവർത്തനരീതി. സംസ്ഥാനതലം മുതൽ പൊലീസ് സ്‌റ്റേഷൻതലം വരെ ലഭ്യമാക്കുന്ന എൻഫോഴ്സസ്മെന്റ്റ് ഉപദേശങ്ങൾ ജില്ലാ പൊലീസ് മേധാവികൾ, സബ് ഡിവിഷനൽ ഓഫിസുകൾ, എസ്.എച്ച്.ഒമാർ തുടങ്ങി 600ൽ പരം ഉപയോക്താക്കൾക്ക് ലഭ്യമാക്കി ക്രമീകരണങ്ങൾ മുൻഗണനാക്രമത്തിൽ നടപ്പാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതിന് പുറമെ ആവർത്തിച്ച് ട്രാഫിക് നിയമലംഘനം നടത്തുന്നവർ, നിരത്തുകളിൽ മോട്ടോർ സൈക്കിൾ അഭ്യാസങ്ങൾ നടത്തുന്നവർ, ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ ഓടുന്ന വാഹനങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിശകലനങ്ങളും സംവിധാനം നൽകും. എ.ഐ. ട്രാക്ക് നൽകുന്ന പ്രവചനങ്ങളും ഉപദേശങ്ങളും ദൈനംദിന ആസൂത്രണത്തിലും അവലോകനങ്ങളിലും കൂടുതൽ പ്രയോജനപ്പെടുത്താനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. അപകട സാധ്യതയെ സ്വാധീനിക്കുന്ന കൂടുതൽ ഘടകങ്ങൾ ഉൾപ്പെടുത്തി എ.ഐ. ട്രാക്കിൻ്റെ പ്രകടനം രണ്ടാംഘട്ടത്തിൽ കൂടുതൽ മെച്ചപ്പെടുത്തും. കാലാവസ്ഥ, റോഡിന്റെ്റെ ഘടനയും സവിശേഷതകളും, ഗതാഗത വ്യതിയാനങ്ങൾ തുടങ്ങിയ അധിക വിവരങ്ങൾകൂടി ഉൾപ്പെടുത്തി കൂടുതൽ കൃത്യമായ വിലയിരുത്തലുകൾ നടത്താനും ലക്ഷ്യമിടുന്നു
കാൽനട യാത്രികൻ വാഹനമിടിച്ച് മരിച്ചു
മാനന്തവാടി: മാനന്തവാടി എരുമത്തെരുവിൽ കാൽനടയാത്രികൻ വാഹനമിടിച്ച് മരിച്ചു. ലോട്ടറി കച്ചവടക്കാരനായ കണ്ണോത്തുമല സ്വദേശി അറുമുഖൻ (63) ആണ് മരിച്ചത്. റോഡ് മുറിച്ചുകിടക്കുന്നതിനിടെ ലോറി ഇടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു.
ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന; 'ഉപരോധവും സമ്മർദതന്ത്രവും അല്ല പരിഹാരം
ഇറാനെതിരായ ഡോണൾഡ് ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന. ഉപരോധവും സമ്മർദതന്ത്രവും അല്ല പരിഹാരം എന്നാണ് ചൈനയുടെ നിലപാടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി. നയതന്ത്ര മാർഗ്ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത വിധം സാമ്പത്തികമായി ഇറാനെ വരിഞ്ഞു മുറുക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന, ഇറാനെ സാമ്പത്തികമായി സഹായിക്കുന്ന രാജ്യങ്ങളും കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണി മുഴക്കി. സാമ്പത്തിക യുദ്ധത്തിൽ ഒപ്പം നിൽക്കണമെന്ന് ചൈനയോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
മെസിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സർക്കാർ, എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ മുഖ്യമന്ത്രി
മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കായിക വകുപ്പ് റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവമുള്ളതായതിനാൽ വകുപ്പുതല അന്വേഷണത്തിൽ ഒതുങ്ങില്ല. മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിൻ്റെ ചുമതല നൽകുക.റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തിരെഞ്ഞെടുത്തത് എങ്ങനെ?, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നതെങ്ങനെ?, സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെ സർക്കാർ അനുമതിക്കും ഉത്തരവുകൾക്കും പിന്നിലെന്ത്?, മെസ്സിയെ കൊണ്ടുവരും എന്ന പേരിലെ വിദേശ സന്ദർശനം, കരാറുകൾ, എല്ലാ സർക്കാർ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിക്കാൻ സ്വാതന്ത്ര്യം എന്നിവയെല്ലാം അന്വേഷണത്തിൻ്റെ പരിധിയിൽ വരുത്തണമെന്നാണ് നിർദേശം. വിദേശ പണമിടപാടുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാനും സംസ്ഥാനം തീരുമാനിക്കും.
ഏറ്റവും കൂടുതല്‍ ടെസ്റ്റ് ഫിഫ്റ്റികള്‍: സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി ജോ റൂട്ട്
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ താരമെന്ന ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി ഇംഗ്ലണ്ട് ബാറ്റിങ് താരം ജോ റൂട്ട്. പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് റൂട്ട് ഈ ചരിത്ര നേട്ടം കൈവരിച്ചത്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത റൂട്ട്, തന്റെ ടെസ്റ്റ് കരിയറിലെ 68-ാമത് അര്‍ധ സെഞ്ചുറി തികച്ചു. 112 പന്തില്‍ 10 ഫോറുകളടക്കം 66 റണ്‍സെടുത്താണ് താരം പുറത്തായത്.തന്റെ 68-ാമത് ടെസ്റ്റ് ഫിഫ്റ്റിയോടെ, ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ സച്ചിനൊപ്പം (68 ഫിഫ്റ്റികള്‍) ഒന്നാമതെത്താന്‍ റൂട്ടിനായി. വെസ്റ്റ് ഇന്‍ഡീസിന്റെ ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (66), മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍ (63), ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് (63) എന്നിവരാണ് റൂട്ടിന് തൊട്ടുപിന്നിലുള്ളത്. (സെഞ്ചുറികള്‍ ഒഴികെയുള്ള അര്‍ധ സെഞ്ചുറികളുടെ കണക്കാണിത്). കൂടാതെ, ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ 50-ലധികം റണ്‍സ് നേടുന്ന ഇന്നിങ്‌സുകളുടെ എണ്ണത്തിലും റൂട്ട് (42 തവണ) അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഇനി തോന്നുംപടി ബില്ലിടാനാവില്ല; സ്വകാര്യ ആശുപത്രികൾക്ക് മൂക്കുകയറിടാൻ കേന്ദ്രസർക്കാർ; നിർദേശങ്ങളുമായി പാർലമെൻ്ററികാര്യ സ്ഥിരം സമിതി
സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ നിർണായക ശുപാർശകളുമായി പാർലമെന്ററി സ്ഥിരം സമിതി. രാജ്യസഭാ എം.പി പ്രൊഫ. രാം ഗോപാൽ യാദവിന്റെ അധ്യക്ഷതയിലുള്ള ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സമിതി സമർപ്പിച്ച 176-ാമത് റിപ്പോർട്ടിലാണ് സാധാരണക്കാർക്ക് ആശ്വാസമേകുന്ന നിർദ്ദേശങ്ങളുള്ളത്. അനാവശ്യമായി ബിൽ തുക പെരുപ്പിച്ചു കാണിക്കുന്നത് തടയാൻ കർശന നടപടികൾ വേണമെന്ന് പാർലമെന്ററി സമിതി. പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ റൂം വാടക, അതത് പ്രദേശങ്ങളിലെ ത്രീ സ്റ്റാർ ഹോട്ടലുകളിലെ ശരാശരി വാടക നിരക്കിന് തുല്യമായി നിജപ്പെടുത്തണം എന്നതടക്കമുള്ള വിപ്ലവകരമായ ശുപാർശകളാണ് കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്.വലിയ മെട്രോ നഗരങ്ങളിലെ ആശുപത്രികൾ മുറി വാടകയായി ഭീമമായ തുകയാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. അടിസ്ഥാന റൂം വാടക ത്രീ സ്റ്റാർ ഹോട്ടലുകളുടെ നിരക്കിൽ പരിമിതപ്പെടുത്തണമെന്നും, ഇതിനൊപ്പം ഡ്യൂട്ടി ഡോക്ടർമാരുടെ ഫീസ്, നഴ്സിംഗ് ചാർജ്, മെഡിക്കൽ സാമഗ്രികൾ, ഭക്ഷണം, അലക്ക് തുടങ്ങിയ ചെലവുകൾ പ്രത്യേകം കണക്കാക്കി സുതാര്യമായി ബിൽ തയാറാക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റൂം കാറ്റഗറി അനുസരിച്ച് മരുന്നുകൾക്കും പരിശോധനകൾക്കും വില കൂട്ടുന്ന രീതി അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്
ഇനി തോന്നുംപടി ബില്ലിടാനാവില്ല; സ്വകാര്യ ആശുപത്രികൾക്ക് മൂക്കുകയറിടാൻ കേന്ദ്രസർക്കാർ; നിർദേശങ്ങളുമായി പാർലമെൻ്ററികാര്യ സ്ഥിരം സമിതി
സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ നിർണായക ശുപാർശകളുമായി പാർലമെന്ററി സ്ഥിരം സമിതി. രാജ്യസഭാ എം.പി പ്രൊഫ. രാം ഗോപാൽ യാദവിന്റെ അധ്യക്ഷതയിലുള്ള ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സമിതി സമർപ്പിച്ച 176-ാമത് റിപ്പോർട്ടിലാണ് സാധാരണക്കാർക്ക് ആശ്വാസമേകുന്ന നിർദ്ദേശങ്ങളുള്ളത്. അനാവശ്യമായി ബിൽ തുക പെരുപ്പിച്ചു കാണിക്കുന്നത് തടയാൻ കർശന നടപടികൾ വേണമെന്ന് പാർലമെന്ററി സമിതി. പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ റൂം വാടക, അതത് പ്രദേശങ്ങളിലെ ത്രീ സ്റ്റാർ ഹോട്ടലുകളിലെ ശരാശരി വാടക നിരക്കിന് തുല്യമായി നിജപ്പെടുത്തണം എന്നതടക്കമുള്ള വിപ്ലവകരമായ ശുപാർശകളാണ് കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്.വലിയ മെട്രോ നഗരങ്ങളിലെ ആശുപത്രികൾ മുറി വാടകയായി ഭീമമായ തുകയാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. അടിസ്ഥാന റൂം വാടക ത്രീ സ്റ്റാർ ഹോട്ടലുകളുടെ നിരക്കിൽ പരിമിതപ്പെടുത്തണമെന്നും, ഇതിനൊപ്പം ഡ്യൂട്ടി ഡോക്ടർമാരുടെ ഫീസ്, നഴ്സിംഗ് ചാർജ്, മെഡിക്കൽ സാമഗ്രികൾ, ഭക്ഷണം, അലക്ക് തുടങ്ങിയ ചെലവുകൾ പ്രത്യേകം കണക്കാക്കി സുതാര്യമായി ബിൽ തയാറാക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റൂം കാറ്റഗറി അനുസരിച്ച് മരുന്നുകൾക്കും പരിശോധനകൾക്കും വില കൂട്ടുന്ന രീതി അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്
വില കുത്തനെ ഉയരുന്നു; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ
പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ. പരിമിത കാലത്തേക്ക് തീരുവ രഹിത ഇറക്കുമതിക്കാണ് അനുമതി. രണ്ടു മാസത്തിനിടെ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയർന്നിരുന്നു. ഓണക്കാലത്ത് കേരളത്തിൽ പഞ്ചസാരയുടെ വില കിലോക്ക് 59 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. ഇത് സർവകാല റെക്കോർഡ് വിലയാണ്. രണ്ടു മാസത്തിനിടെയാണ് കേരളത്തിലെ പഞ്ചസാര വിലക്കയറ്റമുണ്ടായത്. എഥനോൾ നയവും പഞ്ചസാര വില വർധനവിന് കാരണമായി എന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു.
കമ്പളനാട്ടി നാടിന്റെ ഉത്സവമായി.
കല്‍പ്പറ്റ മണിയങ്കോട് കോക്കുഴി വയലില്‍ നടന്ന കമ്പളനാട്ടി ഉത്സവം നാടിന്റെ ഉത്സവാഘോഷമായി നടന്നു.വയനാടിന്റെ നെല്‍കൃഷിയോടനുബന്ധിച്ച കമ്പളനാട്ടി ഗോത്രവര്‍ഗ്ഗ സമൂഹം കാലങ്ങളായി വിവിധ ചടങ്ങുകളോടെ നടത്തി വരുന്ന ആചാരമാണ് . ഒയിക കല്‍പ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ,കൃഷി വകുപ്പ് , പൊന്നട എസ്റ്റേറ്റ് , വിംസ് മൂപ്പന്‍സ് , നള്‍സിങ്ങ് കോളേജ് ,പത്മപ്രഭ ഗ്രന്ഥാലയം, കരിങ്കുറ്റി VHSS, മുണ്ടേരി VHSS, കല്‍പ്പറ്റ NSS HSS , കോക്കുഴി പാടശേഖര സമിതി എന്നിവരുടെ സഹകരണത്തില്‍ നടത്തിയ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാടന്‍ പാട്ടുകള്‍ ,തുടി,ചീനി , തുടങ്ങിയവയുടെ അകമ്പടിയോടെ ഗോത്രസമൂഹ ചടങ്ങുകള്‍ നടന്നു. ആട്ടവും പാട്ടുമായി എല്ലാവരും പ്രതീക്ഷയുടെ ഞാറു നട്ടു. നാട്ടുകാര്‍ക്കും വിദേശികള്‍ ഉള്‍പ്പടെ പങ്കെടുത്ത ആയിരക്കണക്കിന് പേര്‍ക്കും നാട്ടി ഉത്സവം നവ്യാനുഭവമായി. ഒയിസ്ക കല്‍പ്പറ്റ പ്രസിഡന്റ് അഡ്വ എസ്. എ. നസീര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ , കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത , .ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ .കെ. അരുണ്‍ദേവ് ,,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സലാം നീലിക്കണ്ടി , കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത , മെമ്പര്‍മാരായ നിഥിന്‍ , റനീഷ് , കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഈശ്വര പ്രസാദ് ,കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷഫീക്ക് , കൃഷി ഓഫീസര്‍മാരായ ബിപിന്‍ , അതുല്‍ ജേക്കബ് , വിംസ് മൂപ്പന്‍സ് നെര്‍സിങ്ങ് കോളേജ് പ്രിന്‍സിപ്പല്‍ ലിഡാ ആന്റണി , പത്മപ്രഭാ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്‍ , വയല്‍ ഉടമ പൊന്നട അസീസ് , കോര്‍ഡിനേറ്റര്‍ റഷീദ് ,ഒയിസ്ക സെക്രട്ടറി നിഷാ ദേവസ്യ എന്നിവര്‍ സംസാരിച്ചു. ഒയിസ്ക ചീഫ് പ്രോഗ്രാം കണ്‍വീനര്‍ ലവ്ലി അഗസ്റ്റിന്‍ സ്വാഗതവും എല്‍ദോ ഫിലിപ്പ് നന്ദിയും പറഞ്ഞു.

